2012, മേയ് 19, ശനിയാഴ്‌ച

കോടിയേരിയല്ല ആഭ്യന്തരമന്ത്രിയെന്ന് പോലിസ് മേധാവിയെ ബോധ്യപ്പെടുത്തണം: പോപുലര്‍ ഫ്രണ്ട്




കോഴിക്കോട്:സി.പി.എം നേതാക്കളുടെ ഭീഷണിക്കു വഴങ്ങി ടി പി ചന്ദ്രശേഖരന്‍ വധക്കേസ് പ്രതികളെ ജാമ്യം നല്‍കി വിട്ടയക്കുന്ന പോലിസിന് ഇടതു ഭരണത്തിന്റെ ബാധ വിട്ടുമാറിയിട്ടില്ലെന്നു പോപുലര്‍ ഫ്രണ്ട്  സംസ്ഥാന സമിതി യോഗം ആരോപിച്ചു. ചന്ദ്രശേഖരന്റേത് രാഷ്ട്രീയ കൊലപാതകമാണെന്നു പോലും പറയാന്‍ മടിക്കുന്ന സംസ്ഥാന പോലിസ് മേധാവി ജേക്കബ് പുന്നൂസ് പോലിസിനെ നയിക്കുന്നതെങ്ങോട്ടാണെന്നു വ്യക്തമാണ്. കോടിയേരി ബാലകൃഷ്ണനല്ല, തിരുവഞ്ചൂര്‍ രാധാകൃഷ്ണനാണ് ആഭ്യന്തര വകുപ്പ് കയ്യാളുന്നതെന്ന് ജേക്കബ് പുന്നൂസിനെ ബോധ്യപ്പെടുത്താന്‍ യു.ഡി.എഫ് സര്‍ക്കാരിന് ബാധ്യതയുണ്െടന്നും യോഗം ചൂണ്ടിക്കാട്ടി.

എം വി ജയരാജന്റെ കുത്തിയിരിപ്പ് സമരത്തെത്തുടര്‍ന്ന് വിട്ടയച്ച കൂത്തുപറമ്പ് ഏരിയാ ഓഫിസ് സെക്രട്ടറി ബാബു,ടി പിയുടെ നിഷ്ഠുരമായ കൊലപാതകത്തിനു പിന്നില്‍ ഗൂഢാലോചന നടത്തിയ ഉന്നത നേതാക്കളെക്കുറിച്ചറിയാവുന്നയാളാണ്. പാര്‍ട്ടി നേതാക്കളുടെ കുത്തിയിരിപ്പ് സമരമാണ് പ്രതികളെ വിട്ടയക്കാനുള്ള വഴിയെന്ന സന്ദേശമാണ് ഈ പോലിസ് നടപടി നല്‍കുന്നത്.

ഇടതു ഭരണകാലത്ത് ബീമാപള്ളിയില്‍ ആറ് മനുഷ്യജീവനെടുത്ത പോലിസ് നടപടിയെയും ന്യായീകരിച്ചയാളാണ് ഡി.ജി.പി. താന്‍ സി.പി.എം മെമ്പര്‍ഷിപ്പുളള സജീവ പ്രവര്‍ത്തകനാണെന്നും പാര്‍ട്ടിക്കു വേണ്ടി നടത്തിയ അക്രമങ്ങളാണ് ഗുണ്ടാ ആക്റ്റ് പ്രകാരമുള്ള ലിസ്റില്‍ പെടുത്തിയതെന്നും രേഖപ്പെടുത്തി കൊടി സുനി ഉപദേശക സമിതിക്ക് നല്‍കിയ അപ്പീല്‍ അപേക്ഷ മാധ്യമങ്ങള്‍ പുറത്തു കൊണ്ടു വന്നതോടെ ക്വട്ടേഷന്‍ സംഘമല്ല, പാര്‍ട്ടിയുടെ പരിശീലനം സിദ്ധിച്ച കൊലയാളി സംഘമാണ് ടി പി വധത്തിന് പിന്നിലെന്നു വ്യക്തമായിരിക്കുന്നു.

മാധ്യമങ്ങളും രാഷ്ട്രീയ പ്രവര്‍ത്തകരും പിണറായി വിജയന്റെ ക്വട്ടേഷന്‍ പ്രയോഗത്തിന്റെ കെണിയില്‍ നിന്ന് പുറത്തു വരണം. കൊടി സുനിയും അന്ത്യേരി സുരയുമടക്കം സി.പി.എം പോറ്റി വളര്‍ത്തിയ വിഷസര്‍പ്പങ്ങളാണ് നാട്ടില്‍ അശാന്തി വിതക്കുന്നത്. മാര്‍ക്സിസ്റ്റ് കൊലക്കത്തി രാഷ്ട്രീയത്തിനെതിരേ മൌനം ഭജിക്കുന്ന ചില സാംസ്ക്കാരിക പ്രവര്‍ത്തകര്‍ കേരളത്തിന്റെ സാംസ്ക്കാരിക രംഗം മലിനപ്പെടുത്തുകയാണെന്നും യോഗം കുറ്റപ്പെടുത്തി.

സംസ്ഥാന പ്രസിഡന്റ് കരമന അശ്്റഫ് മൌലവി അധ്യക്ഷത വഹിച്ചു. സംസ്ഥാന ജനറല്‍ സെക്രട്ടറി പി അബ്്ദുല്‍ ഹമീദ് റിപോര്‍ട്ട് അവതരിപ്പിച്ചു. കെ എച്ച് നാസര്‍, ടി കെ അബ്്ദുസ്സമദ്, സി എ ഹാരിസ്, സി പി മുഹമ്മദ് ബഷീര്‍ സംസാരിച്ചു

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ