2012, ഏപ്രിൽ 26, വ്യാഴാഴ്‌ച

ലീഗ് കള്ളപ്രചാരണം അവസാനിപ്പിക്കണം: പോപുലര്‍ ഫ്രണ്ട്



കോഴിക്കോട്: അഞ്ചാംമന്ത്രി വിവാദത്തെത്തുടര്‍ന്നു സംസ്ഥാനത്തൊട്ടാകെ വഷളായ കോണ്‍ഗ്രസ്-മുസ്ലിംലീഗ് ബന്ധം മെച്ചപ്പെടുത്താനുള്ള വെപ്രാളത്തില്‍ കുറ്റം എന്‍.ഡി.എഫിനു മേല്‍ കെട്ടിവച്ചു രക്ഷപ്പെടാനുള്ള മുസ്ലിംലീഗ് നീക്കം ജുഗുപ്സാവഹമാണെന്ന് പോപുലര്‍ ഫ്രണ്ട് സംസ്ഥാന സെക്രട്ടറി ടി കെ അബ്ദുസ്സമദ് പറഞ്ഞു. ആര്യാടന്‍ മുഹമ്മദിന്റെ പ്രസംഗവേദി കൈയേറിയതും കോണ്‍ഗ്രസ് നേതാക്കള്‍ക്കെതിരേ പ്രകടനം നടത്തിയതുമടക്കം കോണ്‍ഗ്രസ്സുമായുള്ള ബന്ധം വഷളാക്കുന്നതു മുസ്ലിംലീഗില്‍ നുഴഞ്ഞുകയറിയ എന്‍.ഡി.എഫുകാരാണെന്ന് യു.ഡി.എഫ് നേതൃയോഗത്തില്‍ ലീഗ് നേതാവ് പറഞ്ഞെന്നാണ് ഒരു മാധ്യമം റിപോര്‍ട്ട് ചെയ്തത്. മഞ്ഞളാംകുഴി അലിയെ മന്ത്രിയാക്കണമെന്നാവശ്യപ്പെട്ട് പാണക്കാട്ടേക്കും ലീഗിന്റെ ഉന്നത നേതാക്കളുടെ വീടുകളിലേക്കുമടക്കം മലബാറിലാകെ പ്രകടനങ്ങള്‍ നടത്തിയത് ലീഗിന്റെ പ്രാദേശിക നേതാക്കളുടെ നേതൃത്വത്തിലാണ്. 


തിരിച്ച് കോണ്‍ഗ്രസ് നടത്തിയ പ്രകടനങ്ങളും നേതാക്കളുടെ ആശീര്‍വാദത്തോടെയാണ്. മുഖം വികൃതമായതിനു കണ്ണാടി തല്ലിപ്പൊട്ടിക്കുന്നതും സ്വന്തം പ്രവൃത്തികളെ അദൃശ്യരായ നുഴഞ്ഞുകയറ്റക്കാരില്‍ ചാര്‍ത്തുന്നതും ഉത്തരവാദിത്തപ്പെട്ട രാഷ്ട്രീയകക്ഷിക്ക് ചേര്‍ന്നതല്ല. 


അങ്ങാടിപ്പുറം തളി ക്ഷേത്രത്തിന്റെ വാതില്‍ തീവയ്പ് കേസ് പുനരന്വേഷിക്കണമെന്ന യൂത്ത്ലീഗ് ആവശ്യത്തെ പോപുലര്‍ ഫ്രണ്ട് സ്വാഗതംചെയ്യുന്നു. ഇത്തരത്തില്‍ നടന്ന മുഴുവന്‍ കേസുകളും അന്വേഷിക്കണം. കോട്ടക്കല്‍ പോലിസ് സ്റ്റേഷനില്‍ നിന്ന് കൊലക്കേസ് പ്രതിയെ പോപുലര്‍ ഫ്രണ്ട് മോചിപ്പിച്ചിട്ടില്ല. പോലിസ് സ്റ്റേഷന്‍ ആക്രമണക്കേസ് ഇടതുസര്‍ക്കാരിന്റെ സൃഷ്ടിയായ കള്ളക്കേസാണ്. അത് ഇതുവരെ പിന്‍വലിച്ചിട്ടില്ല. വസ്തുതകള്‍പോലുമറിയാതെയാണ് യൂത്ത് ലീഗ് നേതാക്കള്‍ ആരോപണങ്ങള്‍ ഉന്നയിക്കുന്നതെന്നും അബ്ദുസ്സമദ് പറഞ്ഞു.




അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ