2012, ഏപ്രിൽ 14, ശനിയാഴ്‌ച

അഞ്ചാംമന്ത്രി ബാക്കിയാക്കുന്നത്




കേരളീയ രാഷ്ട്രീയത്തിന്റെ ഏറെ കൊട്ടിഘോഷിക്കപ്പെട്ട പ്രബുദ്ധതയുടെ കപട മേലങ്കി അഴിഞ്ഞുവീണ പത്തുനാളുകളാണു കടന്നുപോയത്. ഒടുവില്‍ മുസ്ലിം ലീഗ് എന്ന ഭരണപക്ഷത്തെ രണ്ടാംസ്ഥാനക്കാരായ രാഷ്ട്രീയപ്രസ്ഥാനത്തിന് അഞ്ചാംമന്ത്രിസ്ഥാനം ലഭിച്ചെങ്കിലും അതു കേരള രാഷ്ട്രീയപരിസരത്തിന് ഏല്‍പ്പിച്ച പരിക്ക് കനത്തതാണ്. മഞ്ഞളാംകുഴി അലി എന്ന പ്രത്യേക പ്രത്യയശാസ്ത്ര പ്രതിബദ്ധതയില്ലാത്ത ഒരാളുടെ മന്ത്രിസ്ഥാനത്തിനുവേണ്ടി ഒരു പീഡിതസമൂഹത്തിനു കൂടുതല്‍ മതേതരവിരുദ്ധരും സന്തുലിതത്വം തകര്‍ക്കുന്നവരുമെന്ന ദുര്‍ഖ്യാതി നേടിക്കൊടുത്തത് മാത്രമാണ് മുസ്ലിം ലീഗിന്റെ രാഷ്ട്രീയനാടകത്തിന്റെ ബാക്കിപത്രമായി വിലയിരുത്തപ്പെടുക.

മന്ത്രി കുഞ്ഞാലിക്കുട്ടിയുടെ കൈവശമുള്ള അധിക വകുപ്പ്-നഗരവികസനം, ന്യൂനപക്ഷക്ഷേമം- കൊടുത്ത് അലിയുടെ ജന്മസാഫല്യം പൂവണിയിച്ചതില്‍ അലിയുടെ പേറോളിലുള്ള ചുരുക്കംപേര്‍ക്ക് തങ്ങള്‍ കഴിഞ്ഞ കുറച്ചുദിവസങ്ങളിലായി നടത്തിയ കാംപയിനിന്റെ വിജയത്തില്‍ സായൂജ്യമടയുകയും ചെയ്യാം. എന്നാല്‍, മലപ്പുറത്തിനപ്പുറം രാജ്യമില്ലെന്നും പിന്നാക്ക, ന്യൂനപക്ഷ, പീഡിത സമൂഹമില്ലെന്നും കരുതുന്ന പാര്‍ട്ടിയായി മുസ്ലിം ലീഗ് സ്വയം അംഗീകരിക്കുന്നതിനു തുല്യമായി രാജ്യസഭാ സീറ്റ് കൈയൊഴിഞ്ഞുള്ള ഈ ഒത്തുതീര്‍പ്പ്. അല്ലെങ്കില്‍ രാജ്യസഭയില്‍ സമദാനിയുടെ ഇഖ്ബാല്‍ കവിതകളോ മറ്റൊരു പണാധിപതിയായ പി വി അബ്ദുല്‍ വഹാബിന്റെ കോര്‍പറേറ്റ് ചങ്ങാത്തമോ ആയി മാറിയ കഴിഞ്ഞകാല ലീഗ് രാജ്യസഭാ ടേമുകള്‍ സമുദായത്തിനോ ഇതര പിന്നാക്കവിഭാഗങ്ങള്‍ക്കോ പ്രത്യേകിച്ചൊന്നും നേടിത്തന്നില്ലെന്നും അവരുടെ ചങ്കില്‍ കുടുങ്ങിയ വിലാപങ്ങള്‍ ആരും കേട്ടില്ലെന്നും ശരാശരി രാഷ്ട്രീയവിദ്യാര്‍ഥിക്ക് അറിയാവുന്ന സത്യമാണ്. എങ്കിലും തൂക്കിനോക്കുമ്പോള്‍ ബുദ്ധിമാന്ദ്യം സംഭവിച്ചിട്ടില്ലാത്ത ഏതൊരു രാഷ്ട്രീയനേതൃത്വത്തിനുമുണ്ടാവില്ലേ ചില അളവുകോലുകള്‍?
ഇക്കുറി വഹാബിന്റെ വിഹിതത്തേക്കാള്‍ കൂടുതലായിരിക്കുമോ അലിയുടെ വിഹിതം? അല്ലെങ്കില്‍ കൊടുത്തുകൊടുത്ത് വഹാബിനു മടുത്തിരിക്കുമോ? 
അഞ്ചാംമന്ത്രിസ്ഥാനവുമായി ബന്ധപ്പെട്ട് സാമുദായിക സന്തുലിതാവസ്ഥ തകരുന്നുവെന്ന ജനാധിപത്യവിരുദ്ധവും മതേതരവിരുദ്ധവുമായ കോലാഹലമുയര്‍ന്നപ്പോള്‍, അരിയെത്ര എന്ന് ചോദിച്ചപ്പോള്‍ പയറഞ്ഞാഴി എന്ന ഉത്തരംപോലെ പി.ബിയിലെത്ര മുസ്ലിംകളുണ്ട്? അച്യുതാനന്ദന്‍ മന്ത്രിസഭയില്‍ രണ്ടു മുസ്ലിംകളേ ഉണ്ടായിരുന്നുള്ളൂ എന്നൊക്കെയുള്ള ഒഴികഴിവുകള്‍ പറയാനാണ് ലീഗും ഒരളവോളം സമുദായത്തിലെ മറ്റുചിലരും ഉദ്യുക്തരായത്. അനഭിലഷണീയവും അനുചിതവുമായി സന്തുലിതാവസ്ഥാ വാദഗതി പൊതുസമൂഹത്തിന്റെ ഭാഗമായി അടിച്ചേല്‍പ്പിക്കപ്പെട്ട് ഉയര്‍ന്നുവന്നപ്പോള്‍ അതിനൊരു യുക്തിസഹമായ മറുപടി നല്‍കാന്‍ മതേതരത്വത്തിന്റെ ബ്രാന്റ് അംബാസഡര്‍മാരായ കെ എം ഷാജിക്കും എം കെ മുനീറിനുപോലും നാവിറങ്ങിപ്പോയ അവസ്ഥയാണ് സംജാതമായത്. ഒരാള്‍ തന്റെ സ്ഥാപിതതാല്‍പ്പര്യം സംരക്ഷിക്കാന്‍ മരണപ്പാച്ചില്‍ നടത്തിയപ്പോള്‍ അപരന്‍, താനിതുവരെ പൊലിപ്പിച്ചുണ്ടാക്കിയ മതേതര പ്രതിച്ഛായക്കു ഗ്ളാനി സംഭവിക്കുമെന്ന ഭയത്താല്‍ ഉള്‍വലിയുന്നതും ഏറെ വിചിത്രാനുഭവമായി.
രാഷ്ട്രീയത്തിനു ചുക്കുപോലെ പേരിനെങ്കിലും ഒരു യു സി രാമനെയോ ഉണ്ണികൃഷ്ണനെയോ ചൂണ്ടിക്കാണിക്കാന്‍പോലും കെല്‍പ്പില്ലാത്ത എം.എല്‍.എ നിരയാണ് ലീഗിനുള്ളതെന്ന സത്യം അവരുടെ മതേതര പൊയ്മുഖത്തിനേറ്റ ഏറ്റവും വലിയ തിരിച്ചടിയാണ്. ദലിത് ശാക്തീകരണവും ന്യൂനപക്ഷ, ദലിത് ഐക്യവും ലീഗിന്റെ തുടക്കംമുതലേയുള്ള അജണ്ടയാണെന്ന് നാളുകള്‍ക്കുമുമ്പ് വീമ്പിളക്കിയതിനു പിന്നാലെയാണ് ഈ ദുരവസ്ഥ. യു സി രാമനെ തോല്‍പ്പിച്ചത് ലീഗുകാരാണോ കോണ്‍ഗ്രസ്സിലെ സവര്‍ണരാണോ എന്ന ചോദ്യത്തിന് ഇപ്പോള്‍ ഇവിടെ വലിയ പ്രസക്തിയില്ലാത്തതിനാല്‍ വിട്ടുകളയുന്നു. ഇവിടെയാണ് ലീഗ് മര്‍ദ്ദിതവിഭാഗങ്ങളുടെയും പാര്‍ശ്വവല്‍ക്കരിക്കപ്പെട്ട മര്‍ദ്ദിതവിഭാഗങ്ങളുടെയും മത-പിന്നാക്ക ന്യൂനപക്ഷങ്ങളുടെയും സ്വത്വപ്രശ്നങ്ങള്‍ ഉയര്‍ത്തിക്കാട്ടപ്പെടുമ്പോള്‍ 'തീവ്രവാദം, തീവ്രവാദം' എന്ന ഉമ്മാക്കി കാട്ടി മാറ്റിനിര്‍ത്തുന്ന ഇതര പിന്നാക്ക നവ സാമൂഹികപ്രസ്ഥാനങ്ങളില്‍നിന്നു പുതിയ പാഠങ്ങള്‍ പഠിക്കേണ്ടത്. സമീപകാലത്ത് ശക്തിയാര്‍ജിച്ചുകൊണ്ടിരിക്കുന്ന അത്തരം പ്രസ്ഥാനങ്ങളുടെ നേതൃത്വത്തിലും അണികളിലുമുള്ള ദലിത്, മുസ്ലിം ഇതര വിഭാഗങ്ങളുടെ കൂട്ടംചേരല്‍ ലീഗിന്റെ കണ്ണുതുറപ്പിക്കേണ്ടതാണ്. അതെങ്ങനെയാണുണ്ടാവുക? കേരളത്തിലെവിടെയെങ്കിലും ബി.ജെ.പിയുമായും സി.പി.എമ്മുമായും രാഷ്ട്രീയസംഘട്ടനത്തിലേര്‍പ്പെടുമ്പോള്‍ എത്രപെട്ടെന്നാണ് ലീഗിന് വര്‍ഗീയനിറം കൈവരുന്നതെന്ന് പഠിച്ചാല്‍ മാത്രം മതി അതിന്റെ പൊയ്മുഖം അഴിഞ്ഞുവീഴാന്‍. നാദാപുരവും കണ്ണൂരും തലശ്ശേരിയും മാത്രം ഉദാഹരിച്ചാല്‍ മതി ഇതു ബോധ്യപ്പെടാന്‍.
സാമൂഹിക യാഥാര്‍ഥ്യങ്ങളെ അവധാനതയോടെ കൈയാളേണ്ട കോണ്‍ഗ്രസ് അഞ്ചാംമന്ത്രി വിഷയത്തില്‍ മുസ്ലിം ലീഗിന്റെ രാഷ്ട്രീയ മേല്‍ക്കോയ്മ തകര്‍ക്കാന്‍വേണ്ടി ജുഗുപ്സാവഹമായ മതവിഭാഗീയത കളിച്ചത് കേരളത്തിന്റെ സാമൂഹികാന്തരീക്ഷം കൂടുതല്‍ ഇരുളിലാവുന്നു എന്ന ഭയപ്പെടുത്തലാണ് അവശേഷിപ്പിക്കുന്നത്.
പെരുന്നയിലെ പുതിയ ക്രോധത്തിന്റെ നായര്‍വാദങ്ങള്‍ റമദാന്‍ മാസത്തില്‍ നോമ്പുനോല്‍ക്കുന്ന പ്രതാപന്‍മാരില്‍നിന്ന് ഉയരുന്നത് വലിയ ഭയപ്പാടാണ് സംജാതമാക്കുന്നത്.
കേരളീയ നവോത്ഥാനത്തിനു ബീജാവാപംചെയ്ത ശ്രീനാരായണ ഗുരുവിന്റെ വാക്യങ്ങള്‍ക്ക് എതിര്‍വാദങ്ങളവതരിപ്പിച്ച് ഗുരുവചനങ്ങളെ വികലമാക്കുന്ന വെള്ളാപ്പള്ളിമാരുടെ വാദങ്ങള്‍ വി എസ് അച്യുതാനന്ദനും കോടിയേരി ബാലകൃഷ്ണനും പോലുള്ള കമ്മ്യൂണിസ്റ്റുകള്‍ ഏറ്റുപറയുന്നതും ഭയപ്പാടോടെ കാണേണ്ടതാണ്. പൊതു സാമൂഹികസൌഹാര്‍ദ്ദം തകിടംമറിക്കാന്‍ അച്ചാരംവാങ്ങുന്നവരുടെ കൂട്ടത്തില്‍ മതത്തിനും ജാതിക്കുമെതിരേ സന്ധിയില്ലാസമരം നടത്തുന്ന ഇടതുപക്ഷപ്രസ്ഥാനങ്ങളുടെ അമരക്കാര്‍ ഉണ്ടാവുന്നത് അവരുടെ കാലിക പ്രസക്തിപോലും ചോദ്യംചെയ്യുന്നു.
കേരളീയ സാമൂഹികാവസ്ഥയിലെ ഈ കൂരാകൂരിരുട്ടില്‍ ചെറിയ പ്രകാശം ചൊരിഞ്ഞത് പന്ന്യന്‍ രവീന്ദ്രന്‍ എന്ന സി.പി.ഐ സെക്രട്ടറി മാത്രമാണ്. സാമുദായിക, രാഷ്ട്രീയപ്രസ്ഥാനങ്ങളും മാധ്യമങ്ങളും ജാതിസംഘടനകളും എല്ലാം ചേര്‍ന്ന കേരളീയ സാമൂഹികാന്തരീക്ഷത്തെ വിഷലിപ്തമാക്കി ഭൂമിയിലെ ഈ നല്ലൊരിടത്തെ ജീവിക്കാന്‍കൊള്ളാത്ത സ്ഥലമാക്കി മാറ്റുകയാണോ എന്നു ഭയപ്പെടേണ്ടിയിരിക്കുന്നു. പണ്ട് കമലാ സുരയ്യ ജീവിക്കാന്‍കൊള്ളാത്തിടം എന്നു പറഞ്ഞ് പൂനെയിലേക്കു മരിക്കാന്‍പോയത് ഇതേ ജാതീയ വര്‍ഗീയപരിസരം അവര്‍ക്കായി ഒരുക്കപ്പെടുന്നുവെന്നു തോന്നിയതുകൊണ്ടാണ്. 
കേരളത്തെ സൌഹാര്‍ദപരമായി ജീവിക്കാന്‍കൊള്ളാത്ത ഇടമായി മാറ്റാതിരിക്കുന്ന രാഷ്ട്രീയപ്രവര്‍ത്തനമാണ് പാര്‍ട്ടികള്‍ മുഖ്യ അജണ്ടയായി ഉടന്‍ നടപ്പാക്കേണ്ടത്. 









അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ